
തിരുവനന്തപുരം : സഹകരണ മേഖലയിലെ ആദ്യ വിമാന കമ്പനിയായ കോ കേരളം യാഥാർത്ഥ്യമാകുന്നു. പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സിഎൻ വിജയകൃഷ്ണൻ അറിയിച്ചു.
തുടക്കത്തിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് രണ്ട് സർവീസുകൾ നടത്താനാണ് പദ്ധതിയെന്നും ഇതിനായുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 200 സംഘങ്ങൾ രണ്ടു കോടി രൂപ വീതം മുടക്കും. സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല.
മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായിട്ടുള്ള ഭരണസമിതിയാകും കമ്പനിയെ നയിക്കുക. കമ്പനി ലാഭകരമായി നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് ഇപ്പോൾ ആവശ്യം ഹൈസ്പീഡ് റെയിൽ അല്ല.
മൂന്നാമതൊരു ലൈൻ നിർമ്മിക്കുകയാണ് വേണ്ടത്. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പതിനായിരം കോടി രൂപയുടെ കേന്ദ്ര ഫണ്ട് ആവശ്യമാണ്. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി രാഷ്ട്രീയ ഗുസ്തിക്ക് പോകുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.