Banner Ads

ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ: അധ്യാപകർ സ്വർണ്ണം പണയം വെക്കുന്നു; സർക്കാരിനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലായെന്നും സർക്കാരിന്റേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 23.5 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിതെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക ഇതുവരെ അനുവദിക്കാതെ കുടിശികയാക്കിയിരിക്കുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. അരിയും പച്ചക്കറിയും വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമാണുള്ളത്. പല വിദ്യാലയങ്ങളിലും അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയും സ്വർണ്ണം പണയം വെച്ചുമാണ് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നത്.

ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ മാതൃകാപരമായ മെനു അട്ടിമറിക്കപ്പെട്ടെന്നും എഗ്ഗ് ഫ്രൈഡ് റൈസ് അടക്കമുള്ള പോഷകാഹാരങ്ങൾ ഒഴിവാക്കി വെറും ചോറും രണ്ട് കറിയും മാത്രമായി വിതരണം ചുരുങ്ങിയെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. അങ്കണവാടികളിലെ പോഷകാഹാര വിതരണവും വലിയ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഒളിമ്പിക്സ് സംഘാടനത്തിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 25000 കുട്ടികൾക്ക് മികച്ച താമസവും ഭക്ഷണവും ഒരുക്കി വിജയകരമായി നടപ്പാക്കിയ മേളയാണിത്. എന്നാൽ ഇത്തവണ സ്വർണ്ണക്കപ്പോ കൊടിയോ പോലും കാണാനില്ലാത്ത അവസ്ഥയാണുള്ളത്. ഓരോ മേള കഴിയുമ്പോഴും അടുത്ത പതിപ്പിന്റെ വേദ പ്രഖ്യാപനം നടത്തുന്ന പതിവും ഇത്തവണ ഉണ്ടായില്ല. ജനക്ഷേമ പദ്ധതികളോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ശിവൻകുട്ടി വിമർശിച്ചു.