Banner Ads

മെസി തട്ടിപ്പ് കേസ്: മുൻ കായികമന്ത്രിയെ തള്ളിപ്പറഞ്ഞ് പേഴ്സണൽ സ്റ്റാഫ്; എസ്ഐടിക്ക് മുന്നിൽ മൊഴി നൽകി

തിരുവനന്തപുരം : മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ തള്ളിപ്പറഞ്ഞ് പേഴ്സണൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി.

ടെൻഡർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറാക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അതെല്ലാം അവഗണിച്ച് തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുകയായിരുന്നു. എസ്ഐടിയുടെ ചോദ്യം ചെയ്യയിലാണ് മൊഴി നൽകിയത്.

ആർബിസി എംഡി ആന്റോ അഗസ്റ്റിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മന്ത്രി അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. എയ്ഡഡ് കോളേജ് അധ്യാപികയെ അനധികൃതമായി തസ്തികയിൽ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി വഴങ്ങിയില്ല.

മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിൽ മെയിലുകൾ വരെ കൈകാര്യം ചെയ്യാൻ അനുവാദം നൽകിയിരുന്നു. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത് മന്ത്രിയുടെ വ്യക്തിപരമായ തീരുമാനപ്രകാരമായിരുന്നുവെന്ന് പ്രൈവറ്റ് സെക്രട്ടറി സത്യപാലനും മൊഴി നൽകി.