
കണ്ണൂർ: ട്രാവലറിൽ കടത്തിക്കൊണ്ടുവന്ന വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് കണ്ണൂർ കോട്ടപ്പറമ്പിൽ എക്സൈസ് റെയ്ഡിൽ പിടികൂടി. ചെങ്ങളായി കോട്ടപ്പറമ്പ് സ്വദേശി റാഷിദ്.കെ.കെ (33) ആണ് 26.85 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ചിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ട്രാവലർ എക്സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാർ, പ്രിവൻ്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
ഇടുക്കിയിൽ ചാരായക്കടത്ത്: അതിനിടെ, ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ ചാരായവുമായി ബിജു (53) എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്.