
കൊച്ചി : മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ താഴ്ത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ലഭിച്ച കഠിനതടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി മീര(16)യെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷ, കാമുകൻ അനീഷ് എന്നിവർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.
2019 ജൂൺ 10നാണ് കൊലപാതകം നടന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന മഞ്ജുഷ അയൽവാസിയായ അനീഷുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മകൾ മീര എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഞ്ജുഷയും അനീഷും ചേർന്ന് മീരയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബൈക്കിലിരുത്തി അനീഷിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു.
മകളെയും കൊച്ചുമകളെയും കാണാതായതിനെത്തുടർന്ന് മഞ്ജുഷയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മകൾ തമിഴ്‌നാട്ടിലേക്ക് ഒരാൾക്കൊപ്പം ഒളിച്ചോടിയെന്നും അവളെ കണ്ടെത്താൻ താനും പോകുകയാണെന്നും അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം മഞ്ജുഷ അനീഷിനൊപ്പം നാഗർകോവിലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇരുവരെയും പിടികൂടുന്നത്.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും മീരയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സൂചനകളുമാണ് നിർണ്ണായകമായത്. അനീഷിനെതിരെ ബാലനീതി നിയമപ്രകാരം ചുമത്തിയിരുന്ന ശിക്ഷ കോടതി ഒഴിവാക്കി.