
ചെങ്ങന്നൂർ: പുലിയൂർ സ്വദേശി യേശുദാസിന്റെ (74) ദുരൂഹ മരണത്തിൽ സത്യമറിയാൻ പള്ളിയിലെ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. സ്വത്ത് തട്ടിയെടുക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്ന മരുമകൾ ലീനയുടെ പരാതിയിലാണ് കോടതി ഉത്തരവ് പ്രകാരം നടപടി സ്വീകരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധരാണ് പരിശോധന നടത്തിയത്.കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് മരിച്ചത്. മരിക്കുമ്പോൾ രക്തം ഛർദ്ദിച്ചിരുന്നതായും കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചെങ്കിലും അന്ന് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് യേശുദാസ് മരിച്ചതെന്നാണ് മരുമകളുടെ പ്രധാന ആരോപണം.
പ്രായാധിക്യമുള്ള യേശുദാസിനെ പരിചരിച്ചിരുന്നത് ഈ ജോലിക്കാരിയായിരുന്നു.യേശുദാസിന്റെ മരണത്തിന് മൂന്ന് മാസം മുൻപ് അദ്ദേഹത്തിന്റെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതായും ആരോപണമുണ്ട്.ഭോപ്പാലിൽ ജോലി ചെയ്തിരുന്ന യേശുദാസിന്റെ മകൻ 2017-ലും ഭാര്യ 2024 ജനുവരിയിലുമാണ് മരിച്ചത്.
മകളും മരുമകളും വിദേശത്തായതിനാൽ യേശുദാസ് നാട്ടിൽ ഒറ്റയ്ക്കായിരുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവരുന്നതോടെ മരണകാരണം വിഷാംശമാണോ എന്ന് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. ആർ.ഡി.ഒയുടെയും തഹസിൽദാരുടെയും സാന്നിധ്യത്തിലാണ് പള്ളിയിലെ കല്ലറ തുറന്നത്.