
കോഴിക്കോട് : ജില്ലയിൽ ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഈസ്റ്റ് ഹിൽ വാർഡിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഇയാൾ നാട്ടിലേക്ക് മടങ്ങി.
നേരത്തെ വളയം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡിലെ ഉത്തർ പ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കും ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ സ്വദേശിയായ 63കാരനും തിക്കോടിയിലെ മറ്റൊരു അതിഥി തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു.
അതിനിടെ സംസ്ഥാനത്ത് ആശങ്കയുണർത്തി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ ഗുരുവായൂർ സ്വദേശിയായ 67കാരനാണ് മരിച്ചത്. ഈ മാസം 13 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.