Banner Ads

തൃശ്ശൂർ ദേശീയപാതയിൽ വൻ ദുരന്തം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർഥികളും മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12ഓടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥികളെ പുറത്തെടുത്തത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിദ്യാർഥിയുടെ ഐഡി കാർഡിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

മരിച്ച എട്ടുപേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വ (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ് (മധുര), പ്രസന്ന (മധുര) യുവ സഞ്ജിത് (ഡിണ്ടിഗൽ) എന്നിവരാണ് മരിച്ചത്. എട്ട് മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.