Banner Ads

കൂൾബാറിൽ മദ്യവിൽപന; 39 കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

മലപ്പുറം : കൂൾബാറിൽ അനധികൃതമായി മദ്യം സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ. ഊരകം പൂളപ്പീസ് സ്വദേശിയായ അപ്പൂട്ടിയെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളുടെ കടയിൽ പരിശോധന നടത്തിയത്.

ദിവസവും നിരവധി പേർ ജ്യൂസ് കുടിക്കാനെന്ന വ്യാജേന ഈ കൂൾബാറിൽ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിൽ 39 കുപ്പികളിലായി 18.5 ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. സമാനമായ കേസുകൾ ഇയാൾക്കെതിരെ മുൻപും ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.