
തിരുവനന്തപുരം : രാജ്യത്തുടനീളം കടുത്ത വൈദ്യുതി ക്ഷാമമുണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. സെപ്റ്റംബർ മാസത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടത്തുന്നതിൽ വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി സമ്മതിച്ചു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ നാളെ വിപുലമായ യോഗം ചേരും.
ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. 150 മെഗാവാട്ട് വൈദ്യുതി ഉടൻ അധികമായി വിട്ടുനൽകാൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്ന് 93.4 ദശലക്ഷം യൂണിറ്റിലെത്തി. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ നിലവിൽ 61 ശതമാനം വെള്ളം മാത്രമാണുള്ളത്. വരാനിരിക്കുന്ന വേനൽക്കാലത്ത് ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
യുഡിഎഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കണ്ടെത്തൽ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിന്റെ കരാര്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമര്‍ശനം തുടരുകയാണ്. പീക്ക് സമയങ്ങളിലെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അടിയന്തര ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് കെഎസ്ഇബി.