Banner Ads

കത്ത് ചോർത്തിയത് തരംതാഴ്ന്ന പണി; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ

എറണാകുളം : തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അയച്ച രഹസ്യ കത്ത് പുറത്തായതിൽ അതൃപ്തി രേഖപ്പെടുത്തി പിവി അൻവർ. കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടിയാണെന്നും പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നതിന് പകരം കത്ത് പുറത്തുവിടുകയാണ് ഉണ്ടായതെന്നും അൻവർ കുറ്റപ്പെടുത്തി.

ഇടതുമുന്നണി വിട്ടു വരുമെന്ന് കത്തിൽ പരാമർശിച്ച നേതാക്കളുമായും അവരോട് അടുത്ത വൃത്തങ്ങളുമായും താൻ നേരിട്ട് സംസാരിച്ചിരുന്നു. ജി സുധാകരൻ, എസ് രാജേന്ദ്രൻ, പി ശശി തുടങ്ങിയ നേതാക്കൾ ഇതിനോടകം തന്നെ സിപിഎം വിട്ട കാര്യം അൻവർ ഓർമ്മിപ്പിച്ചു.

കത്തിൽ സൂചിപ്പിച്ച പലരും ഇപ്പോൾ എവിടെയാണെന്ന് നോക്കിയാൽ തന്റെ വാക്കുകളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായ ഒരു സൂചന നൽകിയിട്ടും തൃണമൂൽ നേതൃത്വം ചർച്ചകൾക്ക് തയ്യാറായില്ലെന്നും രഹസ്യസ്വഭാവമുള്ള കത്ത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും അൻവർ ആരോപിച്ചു.