
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരവും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് കാരണം. ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12 വരെയുള്ള സമയത്ത് നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിപ്പിച്ചു. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിന ഡിമാൻഡിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മഴ പെയ്യുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ വലിയ കുറവുണ്ടായിട്ടില്ല. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെട്ടേക്കാം. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ല. എന്നാൽ കെ.എസ്.ഇ.ബിയുടെ ഊർജ്ജിത ശ്രമഫലമായി ഹരിയാനയിൽ നിന്ന് 50 മെഗാവാട്ട് വൈദ്യുതി അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും വലിയ തോതിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.രാജ്യത്തെ ആകെ ഡിമാൻഡിൽ 5000 മെഗാവാട്ടിന്റെ വർധനവിനും വിൻഡ് പവർ ഉൽപ്പാദനത്തിൽ 5000 മെഗാവാട്ടിന്റെ കുറവിനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്ത് ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതും പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നു