Banner Ads

മദ്യപാനത്തിനിടെ ചിക്കൻ കറിയെച്ചൊല്ലി തർക്കം; ബാർ ജീവനക്കാരനെ മർദ്ദിച്ച കോവളം സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : ഓർഡർ ചെയ്ത ചിക്കൻ കറിയുടെ അളവ് കുറഞ്ഞുപോയെന്ന പേരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ ഷാഫി (30), യാസീൻ (25) എന്നിവരെയാണ് പിടികൂടിയത്.

ബൈപാസിന് സമീപമുള്ള ഒരു ബാറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ചിക്കൻ കറി ഓർഡർ ചെയ്തിരുന്നു. എന്നാൽ മേശപ്പുറത്തെത്തിച്ച കറിയുടെ അളവ് കുറവാണെന്ന് ആരോപിച്ച് ഇവർ ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു.

പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ ഷാഫി തിരുവല്ലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.