
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസിൽ വാദം നടത്തുന്നതിനായി കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് അപ്പീൽ മാറ്റിവെച്ചത്. പൾസർ സുനിയെ കൂടാതെ മാർട്ടിൻ, വിജീഷ്, വടിവാൾ സലീം ഉൾപ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ പ്രതികൾക്ക് വിചാരണക്കോടതി 20 വർഷം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. അതേസമയം പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണക്കോടതി വിധിച്ച ശിക്ഷ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകൾ കോടതി ഒന്നിച്ച് പരിഗണിക്കും.