Banner Ads

കൊച്ചി മെട്രോയുടെ പേരുമാറ്റം: സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമ വാർത്തകൾ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. KMRL പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുൻ സർക്കാരാണ് തനിക്ക് പുനർജനി കേസിൽ ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. കേസിൽ ഒന്നുമില്ലെന്ന് കണ്ട് അന്വേഷണം അവസാനിപ്പിച്ചിട്ടും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണ് തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റമ്പതോളം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകും.വീണയ്ക്കെതിരായ ആരോപണങ്ങളിൽ ഉൾപ്പെട്ടവർ തന്നെയാണ് അതിന് മറുപടി നൽകേണ്ടത്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക പദവിയിലിരുന്ന് പ്രതികരിക്കുന്നത് അനൗചിത്യമാണ്. ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.