
ചെന്നൈ : രാജ്യത്തെ നടുക്കിയ ടിവികെ കരൂർ റാലി ദുരന്തത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഭിന്ന പ്രതികരണങ്ങൾ. ഡിഎംകെയും കോൺഗ്രസും ടിവികെ അധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ബിജെപി വിഷയത്തിൽ കരുതലോടെയുള്ള മൗനം പാലിക്കുകയാണ്.
ദുരന്തത്തിന് ഉത്തരവാദി വിജയ്‌യും ടിവികെ നേതാക്കളുമാണെന്ന് ഡിഎംകെ പരസ്യമായി കുറ്റപ്പെടുത്തി. ആൾക്കൂട്ട ദുരന്തം വരുത്തിവെച്ചതിന് വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ശക്തമായി ആവശ്യപ്പെട്ടു. പൊതുവേ പ്രസംഗങ്ങളിൽ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്ന വിജയ്‌ക്കെതിരെ പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായില്ല.
ദേശീയ നേതാക്കൾ ഉൾപ്പെടെ ആരും വിജയ്യുടെ പേരെടുത്ത് പറയാതെയാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കരുത്തനായ ബിജെപി നേതാവ് അണ്ണാമലൈ ദുരന്തത്തിന് കാരണം പോലീസിന്റെ പിടിപ്പുകേടാണ് എന്നാണ് കുറ്റപ്പെടുത്തിയത്.