Banner Ads

ഗുരുവായൂരിൽ രാത്രികാല പരിശോധന കർശനമാക്കി പോലീസ്; സ്ട്രെയിഞ്ചർ പെട്രോൾ ടീം പ്രവർത്തനം തുടങ്ങി

തൃശൂർ : ക്ഷേത്രനഗരിയായ ഗുരുവായൂരിനെ കുറ്റവിമുക്തമാക്കുന്നതിനായി ടെമ്പിൾ പോലീസിന്റെ നേതൃത്വത്തിൽ സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. രാത്രികാലങ്ങളിൽ അനാവശ്യമായി അലഞ്ഞുതിരിയുന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രത്യേക പട്രോളിങ് സംവിധാനം.

പോലീസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേരാണ് ഗുരുവായൂരിലെ തെരുവുകളിൽ കഴിയുന്നത്. അടുത്തിടെ നഗരത്തിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. രാത്രി 10 മുതൽ 12 വരെയാണ് പെട്രോളിങ് നടക്കുക.

തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും ഫോട്ടോ, പേര്, മറ്റ് വിവരങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കും. കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. വീടുവിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കണ്ടെത്തി കുടുംബങ്ങളിലേക്ക് തിരിച്ചയക്കും.

അവശരും സംരക്ഷണം ആവശ്യമായവരുമായവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കും. പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള ഇത്തരമൊരു പട്രോളിങ് രീതി സംസ്ഥാനത്ത് ആദ്യമായാണെന്ന് പോലീസ് വ്യക്തമാക്കി.

ഗുരുവായൂർ എസിപി എം സുരേന്ദ്രന്റെ നിർദേശാനുസരണം രൂപീകരിച്ച സംഘത്തിന് ടെമ്പിൾ എസ്എച്ച്ഒ കെജി ജയപ്രദനാണ് മേൽനോട്ടം വഹിക്കുന്നത്. ഒരു പട്രോളിങ് സംഘത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക.

ക്ഷേത്രവളപ്പിൽ പോലീസിനൊപ്പം ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും, പുറംപ്രദേശങ്ങളിൽ ജനമൈത്രി സമിതി പ്രതിനിധികളുമാണ് പരിശോധനയിൽ പങ്കാളികളാകുന്നത്.