Banner Ads

അന്വേഷണം ഒച്ചിഴയും വേഗതയിൽ; പോലീസിനെതിരെ ആഞ്ഞടിച്ച് ദളിത് സംഘടനകൾ, 28ന് ഹർത്താൽ

തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഏപ്രിൽ 28ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലാണ് പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചത്.

നിതിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഒച്ചിഴയും വേഗതയിലാണെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷൻ കൗൺസിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡോ റാം, ഡോ സംഗീത എന്നിവർ മാത്രമല്ല കുറ്റക്കാർ. കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ട്.

അവരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് നടക്കും. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്നും അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.