Banner Ads

കൊച്ചുമകളെ രക്ഷിക്കാൻ ഇടയിൽക്കയറി: 16കാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു

പാലക്കാട് : കൊച്ചുമകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാറുകാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ 19ന് വൈകിട്ട് ഏഴു മണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം.

സുലൈമാന്റെ മകളുടെ മകനായ 16കാരൻ പത്തുവയസ്സുകാരിയായ സഹോദരിയുമായി വഴക്കിടുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു. കൊച്ചുമകളെ രക്ഷിക്കാൻ ഇടയിൽ കയറിയ മുത്തശ്ശൻ സുലൈമാന് കുത്തേൽക്കുകയായിരുന്നു.

നെഞ്ചിനും കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പതിനാറുകാരനെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മുൻകാല പശ്ചാത്തലങ്ങളെക്കുറിച്ചും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.