
കൊച്ചി : കേരളത്തിൽ വൻതോതിൽ നാർക്കോ ടെററിസം ആണ് നടക്കുന്നതെന്ന ഗുരുതര ആരോപണവുമായി ഹിമവൽ ഭദ്രാനന്ദ (തോക്ക് സ്വാമി) രംഗത്ത്. കേരളത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മയക്കുമരുന്ന് മാഫിയയെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിലാണ് തന്നെ മുൻപ് ജയിലിലടച്ചത്. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നൊരു ബിസിനസുകാരൻ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്ന് ഭദ്രാനന്ദ ആരോപിച്ചു.
ചെറുപ്പക്കാരെ മുഴുവൻ ലഹരിവലയിൽ വീഴ്ത്തുന്ന ബിസിനസുകാരനെ പിടിക്കാൻ ഞാൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. യുവാക്കളുടെ ഭാവിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യണം.
പിടികൂടുന്ന ബ്രൗൺ ഷുഗർ കോടതിയിൽ എത്തുമ്പോഴേക്കും അരിപ്പൊടിയാക്കി മാറ്റുന്ന രീതിയാണ് ഇവിടെയുള്ളതെന്നും ലഹരി മാഫിയയെ നേരിടാൻ പോലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്നും ഭദ്രാനന്ദ കൂട്ടിച്ചേർത്തു.