Banner Ads

ലോട്ടറി വില്പനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കവർച്ച; പ്രതി അട്ടപ്പാടിയിലെ ഒളിസങ്കേതത്തിൽ നിന്ന് കുടുങ്ങി

പാലക്കാട് : പാലക്കാട് ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനാണ് ആക്രമണത്തിന് ഇരയായത്.

മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കണ്ണനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് പ്രതി പണവും മൊബൈൽ ഫോണും കവർന്നത്. കവർച്ചയ്ക്ക് ശേഷം പ്രതി അട്ടപ്പാടിയിലേക്ക് കടക്കുകയായിരുന്നു.

തുടർന്ന് കസബ പോലീസ് നടത്തിയ അന്വേഷണത്തിൽ അഗളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.