Banner Ads

ബാറുകളിൽ കയറാൻ ഇനി ഐഡി കാർഡ് നിർബന്ധം: പ്രായം ഉറപ്പാക്കാൻ ആധാർ പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ പ്രായം ഉറപ്പുവരുത്താൻ ആധാർ കാർഡ് പരിശോധന നിർബന്ധമാക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു. കുറഞ്ഞ പ്രായപരിധിയായ 23 വയസ്സ് തികഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം വിതരണം ചെയ്യാൻ പാടുള്ളൂ എന്ന് ബാർ ലൈസൻസികൾക്ക് കർശന നിർദേശം നൽകി.

ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ വയസ്സ് ആധാർ പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണ്. പ്രായപരിധി പാലിക്കുന്നതിൽ വരുത്തിയ ഗുരുതര വീഴ്ചയാണ് നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ അപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബർ മാസത്തിൽ നിലവിൽ വരും. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫ് സർക്കാരിന്റേതെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.