
കോഴിക്കോട് : നിപ രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രി സൂപ്രണ്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഏതൊരു ഔഷധത്തിലും നിർമ്മാണ തീയതിയും (Manufacturing Date) കാലാവധി തീയതിയും (Expiry Date) നിർബന്ധമായും രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ നിർമ്മാണ തീയതി പോലുമില്ലാത്ത മരുന്നുകളാണ് എത്തിയത് എന്നത് ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി നേരിട്ട് ഇടപാടുകൾ നടന്നിരുന്നു.
ഇത്തരം കരാറുകളിൽ ആരെല്ലാം ഇടനിലക്കാരായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരും. പ്രതിപക്ഷ നേതാവ് തനിക്കയച്ച കത്തിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ നൽകരുത് എന്ന് മാത്രമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അതിൽ ക്ലിനിക്കൽ ട്രയലിനെ കുറിച്ച് പരാമർശങ്ങളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. 2021ൽ വാങ്ങിയ റെംഡെസിവിർ മരുന്നുകളുടെ കാലാവധി 2023 മേയിൽ അവസാനിച്ചിരുന്നു. എന്നാൽ 2024, 2025 വർഷങ്ങളിലും ഈ മരുന്ന് രോഗികൾക്ക് നൽകിയതായി സംശയമുണ്ട്.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു.