Banner Ads

നിക്ഷേപം എപ്പോൾ കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി നിരാശപ്പെടുത്തി’ – ആനന്ദവല്ലി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം എന്ന് തിരികെ കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയിൽ നിരാശയും വേദനയുമുണ്ടെന്ന് പൊറത്തിശേരി സ്വദേശിയായ ആനന്ദവല്ലി. ഒരു നല്ല വാക്ക് പോലും പറയാൻ മന്ത്രി തയ്യാറായില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലെ ഒരു പരിപാടിക്കിടെയാണ് ആനന്ദവല്ലി സുരേഷ് ഗോപിയെ കണ്ടത്. തന്റെ നിക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “മുഖ്യമന്ത്രിയെ സമീപിക്കൂ” എന്നായിരുന്നു മന്ത്രിയുടെ മറുപടി. തനിക്ക് മുഖ്യമന്ത്രിയെ തേടി പോകാൻ കഴിയില്ലെന്ന് ആനന്ദവല്ലി തിരിച്ച് ചോദിച്ചപ്പോൾ, “എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ” എന്ന് പരിഹാസത്തോടെ സുരേഷ് ഗോപി മറുപടി നൽകി.

മന്ത്രിയുടെ ഈ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്ന് ആനന്ദവല്ലി പറഞ്ഞു. “നമ്മൾ ഒരു കാര്യം ഒരാളോട് ചോദിച്ചാൽ, നല്ലൊരു വാക്ക് പറയാമായിരുന്നില്ലേ? ‘ചേച്ചി, അത് കിട്ടും’ എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു ആശ്വാസമാകുമായിരുന്നു. അങ്ങേരുടെ സ്വഭാവം അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതുന്നു, എങ്കിലും ഒരു വിഷമമുണ്ട്,” ആനന്ദവല്ലി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വിശദീകരണം അതേസമയം, ഇ.ഡി. പിടിച്ചെടുത്ത പണം തിരികെ നൽകാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. “ഇ.ഡി. പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്ക് തരാൻ സംവിധാനമൊരുക്കാൻ തയ്യാറാണെങ്കിൽ, അത് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്,” മന്ത്രി പറഞ്ഞു.

തുടർന്ന്, “ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് ആനന്ദവല്ലി ചോദിച്ചപ്പോൾ, “അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാൻ അതിനുള്ള മറുപടിയും നൽകിക്കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ചു തരാൻ പറയൂ,” എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.