
ആലുവ : ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സംഭവത്തിന് ശേഷം തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൈയിലുണ്ടായ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ച് പ്രതികൾ രണ്ടുപേരും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്ന് അടുത്ത ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ഒന്നാം പ്രതിയായ റിസ്വാൻ മുൻപും നിരവധി അക്രമ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുട്ടമശ്ശേരിയിൽ വെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ തല്ലിച്ചതച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.