Banner Ads

ഞാൻ അവന്റെ വെപ്പാട്ടി ആകണം; ആത്മഹത്യാക്കുറിപ്പ് പുറത്ത്, കോൺഗ്രസ് നേതാവ് കുരുക്കിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര മുട്ടയ്ക്കാട് കെൻസ ഹൗസിൽ സലിത കുമാരി (ഒക്ടോബർ 9-ന്) ജീവനൊടുക്കിയ സംഭവത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്.വായ്പ വാഗ്ദാനം ചെയ്ത് ജോസ് ഫ്രാങ്ക്ളിൻ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്ന് വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു.

മകനുവേണ്ടി എഴുതിയ കത്തിലാണ് കോൺഗ്രസ് നേതാവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ജോസ് ഫ്രാങ്ക്ളിൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല ഞാൻ അവന്റെ വെപ്പാട്ടി ആകണം എന്ന് പറഞ്ഞു. കടം തീർക്കാൻ സബ്സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ജോസ് ഫ്രാങ്ക്ളിൻ തന്നെ കൈ പിടിച്ചു കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.

വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും വച്ച് കാണണമെന്നും പറഞ്ഞു. ഭർത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ പോകുന്നു എന്നും വീട്ടമ്മ കുറിച്ചു.

ആദ്യം അടുക്കളയിൽ വച്ചുണ്ടായ സ്വാഭാവിക അപകടമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബൈബിളിൽ നിന്ന് മകനും മകൾക്കുമായി എഴുതിയ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയത്. മകൻ രാഹുലിന് എഴുതിയ കത്തിലാണ് കൗൺസിലർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുള്ളത്.

നെയ്യാറ്റിൻകര കൗൺസിലർ കൂടിയായ ജോസ് ഫ്രാങ്ക്ളിൻ പലരെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ സമാനമായി പീഡിപ്പിച്ചതായും വട്ടിപ്പലിശക്കായി വസ്തുക്കൾ എഴുതി വാങ്ങിയതായും തൊഴിൽ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വെളിപ്പെടുത്തലുകളെ തുടർന്ന് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.