Banner Ads

ചിന്നക്കനാലിലെ ചക്കക്കൊമ്പന് മയക്കുവെടി വെച്ചു; കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

ഇടുക്കി : ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയിരുന്ന കാട്ടാന ചക്കക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെ സിങ്കുകണ്ടത്തിന് സമീപം ഓമനക്കുടി ഭാഗത്തെ പുൽമേട്ടിൽ വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്.

തുടർന്ന് നാല് മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ, എലിഫന്റ് സ്ക്വാഡ് വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

അതിരാവിലെ തന്നെ ആന നിൽക്കുന്ന സ്ഥലം കണ്ടെത്തിയ ദൗത്യസംഘം തുടർച്ചയായി നിരീക്ഷണം നടത്തിവരികയായിരുന്നു. കരമാർഗ്ഗം പിന്തുടർന്ന സംഘത്തിന് പുറമെ ആനയിറങ്കൽ ഡാമിന്റെ റിസർവോയറിൽ ബോട്ടിലൂടെയും നിരീക്ഷണ സംഘം ആനയെ പിന്തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ച് ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.

സമീപമുള്ള തുരുത്തിൽ നിലയുറപ്പിച്ചിരുന്ന ആന ഒരു മണിക്കൂറിന് ശേഷം പന്നിയാർ ഭാഗത്തേക്ക് നീങ്ങി. തുടർന്ന് പടക്കം പൊട്ടിച്ച് സുരക്ഷിത ഇടത്തിലേക്ക് നീക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തുടർന്നു. പത്തുമണിയോടെ നിശ്ചിത ഭാഗത്തെത്തിയ ആന 11 മണിയോടെ വീണ്ടും ഡാമിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്ന സംഘം ആനയെ തുരത്തി.

തുടർന്നാണ് ഓമനക്കുടിയിലെ പുൽമേട്ടിൽ വെച്ച് മയക്കുവെടി വെക്കാൻ സാധിച്ചത്. റേഡിയോ കോളറിന്റെ സഹായത്തോടെ ചക്കക്കൊമ്പന്റെ സഞ്ചാരപഥം തുടർച്ചയായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്കുള്ള വരവ് മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും വനംവകുപ്പിന് സാധിക്കും.

ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി കെ വിനോദ്കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ജോൺ മാത്യു, അസിസ്റ്റന്റ് കൺസർവേറ്റർമാരായ ജയചന്ദ്രൻ, മുഹമ്മദ് റാഫി, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ഡിഎഫ്ഒ എം ജി വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി ദൗത്യത്തിന് നേതൃത്വം നൽകി.

മൂന്നാർ ഡിഎഫ്ഒ സാജു വർഗീസിന്റെ നേതൃത്വത്തിൽ നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഡോ വിഷ്ണു ഓമനക്കുട്ടൻ, ഡോ അർജുൻ സി പി, ഡോ അനൂപ് മാത്യൂസ്, ഡോ അശ്വിൻ കെ എസ് എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്ന വെറ്ററിനറി ഡോക്ടർമാർ.