Banner Ads

ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത് വിദേശി നായ; രക്ഷിക്കാൻ ചാടിവീണ ഭർത്താവിന് കടിയേറ്റു

ആലപ്പുഴ : സെൻസസ് ഡ്യൂട്ടിക്കിടെ എന്യൂമറേറ്ററായ ഭാര്യയ്ക്കു നേരെ പാഞ്ഞടുത്ത വളർത്തുനായയെ തടയുന്നതിനിടെ ഭർത്താവിന് കടിയേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഹെഡ് ക്ലർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്.

രാവിലെ 11.30 ഓടെ ചാത്തനാട് മന്നത്ത് ജംഗ്ഷന് തെക്കുവശത്തുള്ള ഒരു വീട്ടിലായിരുന്നു സംഭവം. പരിക്കേറ്റ അമീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിന് കീഴിൽ ആറ് എന്യൂമറേറ്റർമാരാണ് ഉള്ളത്. എന്യുമറേറ്റർമാരിൽ ഒരാൾ ഇദ്ദേഹത്തിന്റെ ഭാര്യയും ആര്യാട് എച്ച്എസ്എൽപി സ്കൂൾ അധ്യാപികയുമായ ഷംനയാണ്.

വീട്ടിലെ വളർത്തുനായ പെട്ടെന്ന് ഷംനയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭാര്യയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. ഒന്നര മാസം മുൻപ് ബഹ്‌റൈനിൽ നിന്നും നാട്ടിലെത്തിച്ച നായയാണ് ഇവരെ ആക്രമിച്ചത്.