
കണ്ണൂർ : വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിനെ ധീരമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളി. വളപട്ടണം റെയിൽവേ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെയാണ് മത്സ്യത്തൊഴിലാളി തന്റെ തോണിയിൽ കയറ്റി രക്ഷിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
പുഴയിൽ ഒഴുകി നടക്കുന്നതായി കണ്ട യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അഴീക്കൽ കോസ്റ്റൽ പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് അതുവഴി മീൻ പിടിക്കാൻ പോയ പ്രദേശവാസിയായ മത്സ്യത്തൊഴിലാളി യുവാവിനെ വലിച്ച് തന്റെ ചെറിയ വള്ളത്തിൽ കയറ്റുകയായിരുന്നു. യുവാവിന് മാനസിക പ്രയാസങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു.
പുഴയിലേക്ക് ചാടുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗാണ് തന്നെ രക്ഷിച്ചതെന്ന് പിന്നീട് കരയിലെത്തിച്ചപ്പോൾ ഇയാൾ പോലീസിനോട് പറഞ്ഞു. ബാഗ് വെള്ളത്തിൽ മുങ്ങാത്തതിനാൽ അതിൽ പിടിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിഞ്ഞുവെന്നും ഇദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയിട്ടുണ്ട്.
പുഴയിൽ ചാടിയ വ്യക്തിയുടെ വിവരങ്ങളോ, ഇതിന്റെ കാരണങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ശക്തമായ അടിയൊഴുക്കും ചുഴികളുമുള്ള വളപട്ടണം പുഴയുടെ നടുവിൽ നിന്നാണ് മത്സ്യത്തൊഴിലാളി രക്ഷാപ്രവർത്തനം നടത്തിയത്.