Banner Ads

വ്യാജരേഖകളിലൂടെ ധനസഹായം; മുൻ എഞ്ചിനീയർക്ക് 12 വർഷം തടവും 6 ലക്ഷം പിഴയും

മൂവാറ്റുപുഴ: വ്യാജരേഖകൾ ചമച്ച് ഹൗസിംഗ് സ്കീമിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നിർമ്മിതി കേന്ദ്രത്തിന്റെ മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി.ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിലെ മുൻ റീജിയണൽ എഞ്ചിനീയറും എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്ത് (74) ആണ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

യോഗ്യതയില്ലാത്തവർക്ക് വ്യാജരേഖകൾ തയ്യാറാക്കി ഭവന നിർമാണ ധനസഹായം അനുവദിച്ചതിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് ശിക്ഷ.2007-08 കാലഘട്ടത്തിൽ മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനീയറായിരിക്കെ, ഹൗസിംഗ് സ്കീമിന്റെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് യോഗ്യതയില്ലാത്ത അഞ്ച് പേർക്ക് ഭവന നിർമാണ ഗ്രാന്റ് അനുവദിക്കുകയും 1.75 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ 2014-ൽ ഇടുക്കി വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ, ഏലപ്പാറ ഗ്രാമപഞ്ചായത്തിലും ഇടുക്കി ജില്ലാ പഞ്ചായത്തിലും നിന്ന് നേരത്തെ ഭവന നിർമാണ സഹായം ലഭിച്ച വ്യക്തികൾക്കാണ് പ്രതി വീണ്ടും വ്യാജരേഖകൾ ചമച്ച് ധനസഹായം അനുവദിച്ചതെന്ന് തെളിഞ്ഞു.തുടർന്നാണ് വിവിധ വകുപ്പുകൾ പ്രകാരം കൃഷ്ണദത്തിനെ കുറ്റക്കാരനായി കണ്ടെത്തി 12 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി രാജേഷ് ജി. ആണ് വിധി പ്രസ്താവിച്ചത്.ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി.എ ഹാജരായി.