Banner Ads

ബസ്സിന് തീപിടിക്കുമോയെന്ന് ഭയം; ഓടുന്ന ബസ്സിൽ നിന്ന് ചാടിയ യാത്രക്കാരന് പരിക്ക്

കുന്നംകുളം: കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ബസ്സിന് തീപിടിച്ചെന്ന് ഭയന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റു.

ഇന്ന് രാവിലെ 8.30-ഓടെ പാറേമ്പാടത്തുവെച്ചാണ് സംഭവം നടന്നത്.ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടിയതാണ് പുക ഉയരാൻ കാരണം. ബ്ലൂ ഡയമണ്ട് എന്ന സ്വകാര്യ ബസ്സ് റോഡിൽ നിർത്തിയ ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. വിവരമറിഞ്ഞെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ താൽക്കാലികമായി പൈപ്പിന്റെ തകരാറ് പരിഹരിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഓഫീസർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.