Banner Ads

വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിച്ചു; വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ വയോധിക മരിച്ചു

കൊച്ചി : കൊച്ചി എളമക്കരയിൽ വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എളമക്കര പൊറ്റക്കുഴി മാക്കാപറമ്പിൽ മറിയം പൈലി (71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം ഇന്ന് നടക്കും.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മറിയം മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വലത് കയ്യും ഒരു കാലും തളർന്ന നിലയിലായിരുന്ന മറിയം തീപ്പെട്ടി ഉപയോഗിച്ച് മെഴുകുതിരി കത്തിക്കുന്നതിനിടെ മെഴുകുതിരി മടിയിലേക്ക് വീഴുകയായിരുന്നു.

നൈറ്റിയിലേക്ക് തീ പടരുകയും നിമിഷങ്ങൾക്കകം ആളിപ്പടരുകയുമായിരുന്നു. വർഷങ്ങളായി മറിയം ഒറ്റയ്ക്കായിരുന്നു താമസം. ശാരീരിക ബുദ്ധിമുട്ടുകൾ കൂടുമ്പോൾ കൂനമ്മാവിൽ നിന്നും മൂത്ത സഹോദരിയെത്തിയാണ് പരിചരിച്ചിരുന്നത്. അപകടം നടന്ന സമയത്ത് സഹോദരി വീട്ടിലുണ്ടായിരുന്നു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റ മറിയം വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.