
കണ്ണൂർ : പയ്യന്നൂർ സി വി ധനരാജ് വധക്കേസിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവരെയാണ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്. കേസിൽ നാലു മുതൽ 20 വരെയുള്ള 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയോ പ്രേരണയോ ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല്, അഞ്ച്, ആറ് പ്രതികളെ വെറുതെ വിട്ടത്. 16 പ്രതികളെ വെറുതെ വിട്ടത് സിപിഐഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾക്കെതിരെ കൊലപാതകം (IPC 302), അതിക്രമിച്ചു കടക്കൽ (447), തടഞ്ഞുവയ്ക്കൽ (341), മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (326), സംഘർഷം സൃഷ്ടിക്കൽ (160), 123 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സി സുകേഷ്, കെ വി പ്രജിത്ത് ലാൽ, കെ അനൂപ്, പണ്ടാരവളപ്പിൽ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാർ, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവൻ, മധു, തിരുവനന്തപുരം നെയ്യാർ സ്വദേശി എസ്ആർ രാജേഷ്, മനിയേരി തമ്പാൻ, രമേശൻ, എ പി നിജേഷ്, ലിജിൻ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
കേസിലെ 12-ാം പ്രതിയായിരുന്ന ചൂരക്കാട് ബിജു വിചാരണ കാലയളവിനിടെ കൊല്ലപ്പെട്ടിരുന്നു. 2016 ജൂലൈ 11ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വഴിയരികിൽ മറഞ്ഞിരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ സി വി ധനരാജിനെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ധനരാജിനെ പിന്തുടർന്ന അക്രമികൾ വീടിന്റെ പിന്നാമ്പുറത്ത് വെച്ച് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ മറ്റന്നാളായിരിക്കും ശിക്ഷ വിധിക്കുക.