
ദില്ലി : ദില്ലിയിൽ വായു ഗുണനിലവാര സൂചിക 300 പിന്നിട്ട് അതീവ മോശം അവസ്ഥയിലെത്തിയതോടെ വായു മലിനീകരണം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വരും ദിവസങ്ങളിൽ ദീപാവലി ആഘോഷങ്ങൾ കൂടിയെത്തുന്നതോടെ മലിനീകരണ തോത് ഇനിയും ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കാത്ത പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ജനുവരി 31 വരെ ദില്ലിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല. ഓഫീസുകളിലെ തിരക്ക് കുറയ്ക്കാൻ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്താൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നിർദ്ദേശം നൽകി.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കൂടുതൽ മെട്രോ സർവീസുകൾ നിരത്തിലിറക്കും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മലിനീകരണം കുറയ്ക്കുന്നതിനായി ഉപാധികളോടെ ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.