
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദാമോദർ നദിയിൽ കുത്തൊഴുക്കിൽപ്പെട്ട് 50 കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ മതൂരി ടുഡു (66) എന്ന വയോധികയെ നാട്ടുകാരും പോലീസും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.പുർബ ബർദാൻ ജില്ലയിലെ ജക്ത ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
കനത്ത മഴയെത്തുടർന്ന് അധികൃതർ ഡാമിലെ വെള്ളം തുറന്നുവിട്ടത് മതൂരി ടുഡു അറിഞ്ഞിരുന്നില്ല. നദിയിൽ കുളിക്കാനിറങ്ങിയ സമയത്താണ് ഡാം തുറന്നതിനെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ വയോധികയെ കാണാതായത്.ഒഴുകിയത് 50 കിലോമീറ്റർ! തുടർന്ന് പോലീസും ഗ്രാമവാസികളും സംയുക്തമായി നടത്തിയ ഊർജിതമായ രക്ഷാപ്രവർത്തനമാണ് മരണത്തിൻ്റെ വക്കിൽ നിന്ന് മതൂരി ടുഡുവിനെ രക്ഷിച്ചത്.
ഏകദേശം 50 കിലോമീറ്ററോളം ദൂരം നദിയിലൂടെ ഒഴുകിപ്പോയ വയോധികയെ കരയ്ക്കെത്തിച്ച സംഭവം നാട്ടുകാർക്ക് അത്ഭുതമായി.”ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ നദിയിൽ കുളിക്കാൻ പോയതാണ്. പെട്ടെന്നായിരുന്നു കുത്തൊഴുക്ക്. ഗ്രാമവാസികൾ രക്ഷിക്കുന്നതുവരെ ഞാൻ എങ്ങനെയോ ഒരിടത്ത് പിടിച്ചുനിന്നു,” രക്ഷപ്പെട്ട ശേഷം മതൂരി ടുഡു പറഞ്ഞു.
ഇത് ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടതെന്ന് തൃണമൂൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് മെഹ്മൂദ് ഖാൻ അഭിപ്രായപ്പെട്ടു. ഉടൻ തന്നെ വയോധികയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.