Banner Ads

അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി: ആന്ധ്രയിൽ പരക്കെ നാശനഷ്ടം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി

വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ കടുത്ത നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടശേഷം ന്യൂനമർദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ശക്തി വീണ്ടും കുറയും. നിലവിൽ ആന്ധ്രാ തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ, ശ്രീകാകുളം തുടങ്ങിയ ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ 21 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയ വിശാഖപട്ടണത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70000ത്തിലധികം ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. 10500 ഹെക്ടറിലെ തോട്ടവിളകൾ നശിച്ചു. നിരവധി വീടുകൾ, റോഡുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ പൂർണ്ണമായും തകർന്നു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച് കേന്ദ്രസഹായം അഭ്യർത്ഥിച്ചു.

പ്രാഥമിക നാശനഷ്ട റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണമെന്നും എൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അടിയന്തര ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കൊണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിൽ സന്ദർശനം നടത്തും.