
പാലക്കാട്: പട്ടാമ്പിയിൽ കോണ്ഗ്രസില് പൊട്ടിത്തെറി. ടി.പി ഷാജിയെ തിരിച്ചെടുത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാവ് വിമത സ്ഥാനാര്ഥിയാകുന്നു. കോണ്ഗ്രസ്സ് സജീവ പ്രവർത്തകനായ അബ്ദുൽ വാഹിദ് ആണ് സ്വതന്ത്ര സ്ഥാനാര്ഥിയാകുന്നത്. കോണ്ഗ്രസില് കൂടിയാലോചനകൾ ഇല്ലെന്നും വാഹിദ് ആരോപിച്ചു.
കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെടുകയും സിപിഎമ്മുമായി ചേർന്ന് യുഡിഎഫിൽ നിന്നും സഭാ ഭരണം അഞ്ചുവർഷം കയ്യാളുകയും ചെയ്തു തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ തിരിച്ചെത്തിയ ടി പി ഷാജിയെ സ്വീകരിച്ചതിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. ടിപി ഷാജിയുടെ നേതൃത്വത്തിലുള്ള വീ ഫോർ പട്ടാമ്പി കോൺഗ്രസിൽ ലയിച്ചതോടെ പ്രവർത്തകർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമായിന്ന് ആരോപണം ഉയരുന്നുണ്ട്.
ഇതേതുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കോൺഗ്രസ് നേതാവുമായ പിപി അബ്ദുൽ വാഹിദ് കോൺഗ്രസിനെതിരെ വിമത സ്ഥാനാർത്ഥിയാവുകയാണ്. ആദ്യം തന്നെ സ്ഥാനാർത്ഥിയാക്കാൻ ആയിരുന്നു പാർട്ടിയുടെ തീരുമാനം. ടി പി ഷാജിയുടെ വരവോടെ തൻറെ സ്ഥാനാർഥിത്വം ഷാജിയുടെ താല്പര്യമുള്ള ആൾക്ക് നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാർട്ടി നിർദേശ പ്രകാരം എല്ലാ ഒരുക്കങ്ങളും നടത്തിയെന്നും അവസാന നിമിഷം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും അബ്ദുൽ വാഹിദ് പറയുന്നു.
പട്ടാമ്പിയിലെ കോൺഗ്രസ് പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനങ്ങൾ നടക്കുന്നുവെന്നും വാഹിദ് ആരോപിച്ചു. ആറ് മെമ്പർമാർക്കൊപ്പം പാർട്ടിയിലെത്തിയ ടിപി ഷാജി വിഭാഗത്തിന് വേണ്ടി സീറ്റ് നീക്കിവെക്കേണ്ടി വന്നതോടെയാണ് കോൺഗ്രസ് ഭിന്നത രൂപപ്പെടുന്നത്. വിമത നീക്കം നടത്തുന്ന പിപി അബ്ദുൽ വാഹിദിനെ സിപിഎം പിന്തുണക്കുമെന്നും റിപ്പോർട്ടുണ്ട്.