
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. ഇന്ന് മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. ഇതിനുപുറമേ 22 പേർക്ക് എലിപ്പനിയും, 15 പേർക്ക് ഷിഗെല്ലയും, ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 13,747 പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്.
നിപ രോഗബാധിതൻ്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ, കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 11 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവിൽ ഇവർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടമാകാത്തതിനെ തുടർന്നാണിത്. പുതിയതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നിപ രോഗി വെൻ്റിലേറ്ററിൽ തുടരുന്നു.വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള 14 പേരും.
കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ.രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിലുള്ള 51 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി സജ്ജമാക്കിയ ജില്ലാ കൺട്രോൾ റൂമിലേക്ക് ഇന്ന് 91 ഫോൺവിളികളാണ് എത്തിയത്.
സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ആരോഗ്യപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി. കൂടാതെ, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേരെ വിളിച്ച് ആവശ്യമായ കൗൺസിലിംഗും മാനസിക പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.