
കൊച്ചി : കെഎസ്ആർടിസിക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള കൺസെഷൻ (യാത്രാ സൗജന്യം) സംവിധാനം ഓൺലൈനാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്.
യാത്രാ സൗജന്യം സംബന്ധിച്ച് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. പഠനാവശ്യങ്ങൾക്കായി മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ പുതിയ സംവിധാനത്തിലൂടെ അധികൃതർക്ക് സാധിക്കും. സ്വകാര്യ ബസുകളിലെ യാത്രാ സൗജന്യം സംബന്ധിച്ച വിശദമായ വിവരങ്ങൾ സർക്കാരിന് ലഭ്യമാകും.
കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ആപ്പ് വഴി അപേക്ഷിക്കുമ്പോൾ യാത്ര ചെയ്യേണ്ട പാത വ്യക്തമാക്കണം. വിദ്യാലയ അധികൃതർ ഈ അപേക്ഷയ്ക്ക് കൺസെഷൻ ശുപാർശ നൽകണം. ഇത് പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളാണ് കൺസെഷൻ അനുവദിക്കുക.
ഓൺലൈനായി ലഭിക്കുന്ന ക്യുആർ കോഡുള്ള കൺസെഷൻ കാർഡ് വിദ്യാർഥികൾക്ക് പ്രിന്റെടുക്കുകയോ മൊബൈൽ ഫോണിൽ ഉപയോഗിക്കുകയോ ചെയ്യാം. കണ്ടക്ടർക്ക് മൊബൈൽ ഫോണിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഏത് പാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് കൃത്യമായി അറിയാൻ കഴിയും.
സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്കു മാത്രമേ കൺസെഷന് ശുപാർശ നൽകാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ഈ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.