Banner Ads

കോഴിക്കോട് കോർപ്പറേഷനിൽ വിവാദം; ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയഗാനത്തോടൊപ്പം വന്ദേമാതരവും ആലപിച്ച് ബിജെപി കൗൺസിലർമാർ. മേയർ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് ബിജെപി കൗൺസിലർമാർ വന്ദേമാതരം പൂർണമായി പാടിയത്.

ബിജെപി കൗൺസിലർമാരുടെ നടപടി ചടങ്ങിന്റെ അന്തസ്സിന് അഭംഗിയുണ്ടാക്കിയെന്ന് മേയർ ഒ സദാശിവൻ പ്രതികരിച്ചു. പതാക ഉയർത്തിയ ശേഷം ദേശീയഗാനം ആലപിക്കുന്നതാണ് സാധാരണ രീതി.

അതിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ ചിന്തിക്കണമെന്നും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അന്തസ്സ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മേയർ വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലും സമാനമായി വന്ദേമാതരം പൂർണമായും ആലപിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് ഔദ്യോഗിക ചടങ്ങിന് സമീപം ബിജെപി പ്രവർത്തകർ സമാന്തരമായി പതാക ഉയർത്തി വന്ദേമാതരം പൂർണ്ണമായും പാടി.

ദില്ലിയിലെ എഐസിസി ആസ്ഥാനത്തും വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്.