
കൊച്ചി: സഹപാഠികളുടെ ക്രൂര വിനോദo, നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ് ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ പത്താം ക്ലാസുകാരി.കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്.
ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാവേദനയുണ്ടാക്കുന്നു. ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയിൽ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിവീഴുകയായിരുന്നു. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി തുടർന്ന് കുട്ടികൾ പെൺകുട്ടിയോട് പോയി കുളിക്കാൻ പറഞ്ഞു.
ചൊറിച്ചിൽ കൂടിയതോടെ പെൺകുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടർന്നു. ഇതോടെ ചൊറിച്ചിൽ സഹിക്കാതെ പെൺകുട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങി.ഇതോടെ പെൺകുട്ടിയുടെ മോഡൽ പരീക്ഷയും മുടങ്ങി. ചൊറിഞ്ഞ് ശരീരത്തിൽ മുറിവുവരെ ആയതോടെ പെൺകുട്ടി മാനസികമായും തളർന്നു.
ജോലിക്ക് പോകാതെ മകൾക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും താൻ കൂട്ടിരിക്കുകയാണെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. സംഭവം അറിഞ്ഞിട്ട് സ്കൂൾ അധികൃതർ തുടക്കം മുതൽ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്നാണ് അമ്മ പറയുന്നത്.