
ടെക് ഡെസ്ക്: മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾ സൃഷ്ടിച്ച വിവാദങ്ങൾക്കിടെ, വിപ്ലവകരമായ മാറ്റങ്ങളോടെ സ്മാർട്ട് ഗ്ലാസ് വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ടെക് ഭീമനായ ആപ്പിൾ തയ്യാറെടുക്കുന്നു. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ആപ്പിൾ സ്മാർട്ട് ഗ്ലാസ്, ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുന്നത്.
സ്വകാര്യതാ ആശങ്കകൾ പരിഹരിക്കാനുള്ള ആപ്പിളിന്റെ കഠിനശ്രമങ്ങളാണ് ഗ്ലാസിന്റെ വിപണിയിലെത്തൽ വൈകിപ്പിക്കുന്നത്. ഫോട്ടോയോ വീഡിയോയോ പകർത്താൻ സാധിക്കാത്തതും, എന്നാൽ സെൻസിങ്ങിനായി മാത്രം ഉപയോഗിക്കാൻ കഴിവുള്ളതുമായ പ്രത്യേക ക്യാമറയോ കൂടിയ പതിപ്പടക്കം അവതരിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നുണ്ട്. 2027 ജൂണിൽ നടക്കുന്ന ഡെവലപ്പേഴ്സ് കോൺഫറൻസിൽ (WWDC) ഗ്ലാസ് പ്രദർശിപ്പിക്കുമെന്നും, അതേ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
മെറ്റയുടെ എഐ (AI) ക്യാമറ ഗ്ലാസുകൾ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്നുവെന്ന ആരോപണം യുകെയിലും യുഎസിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നിരുന്നു. ക്യാമറ റെക്കോർഡ് ചെയ്യുമ്പോൾ തെളിയുന്ന എൽഇഡി ലൈറ്റ് മറച്ചുവെച്ച് ദൃശ്യങ്ങൾ പകർത്താമെന്നതാണ് പ്രധാന വില്ലനായത്. പൊതുസ്ഥലങ്ങളിൽ ഈ ഗ്ലാസുകൾ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങളുമുയർന്നു.ഇതേത്തുടർന്ന്, മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നവരുടെ അക്കൗണ്ടുകൾ വിലക്കുമെന്നും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മോസ്സെരി വ്യക്തമാക്കിയിരുന്നു.
കൂടാതെ ഡോക്ടറുടെ മുറി, ലോക്കർ റൂമുകൾ, പൊതുശൗചാലയങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് സ്മാർട്ട് ഗ്ലാസുകൾ ഓഫ് ചെയ്യണമെന്ന് മെറ്റയ്ക്ക് വെബ്‌സൈറ്റ് വഴി നിർദ്ദേശം നൽകേണ്ടതായും വന്നു.മെറ്റ നേരിട്ട ഈ തിരിച്ചടികൾ കൃത്യമായി പഠിച്ചാണ് കൂടുതൽ സുരക്ഷിതമായ ഫീച്ചറുകളോടെ ആപ്പിൾ തങ്ങളുടെ സ്മാർട്ട് ഗ്ലാസുകൾ വിപണിയിലിറക്കാൻ ഒരുങ്ങുന്നത്.