
തിരുവനന്തപുരം : പി എസ് സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ അയച്ച നടപടി തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും സർക്കാരിന്റെ അഭിപ്രായം തേടാതെയുമാണ് ഗവർണറുടെ നീക്കമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം പി എസ് സിയിലെ ചട്ടവിരുദ്ധ നടപടികൾ മറച്ചുവെക്കാനാവില്ലെന്നും സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒട്ടേറെ പുതിയ പരാതികൾ പുറത്തുവരുന്നുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ ഉണ്ടാകുമെന്നും ഉറപ്പുനൽകി.
കെഎസ്ഇബി ചെയർമാൻ രാജമാണിക്യം ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. അടൂർ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.