
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന്റേത് ക്രിമിനൽ സ്വഭാവമാണെന്നും ഈ വിഷയത്തിൽ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരാതി ഉന്നയിക്കുന്നവർക്ക് സർക്കാർ എല്ലാ സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. “രാഹുലിനെതിരായ ആരോപണങ്ങൾ കേരളീയ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതുഅഭിപ്രായം നിലവിലുണ്ട്. എത്രകാലം അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.
പുറത്തുവന്ന സംഭാഷണങ്ങളിൽ ഗർഭം അലസിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ യുവതിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതുപോലെയുള്ള കാര്യങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്രയും വലിയ ക്രിമിനൽ സ്വഭാവമുള്ള ഒരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും, ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.