Banner Ads

മുഖ്യമന്ത്രിയുടേത് ആവർത്തന നിലപാട്; റേഷ്യോ കുറയ്ക്കാതെ എൽ സി എസ് ടി സമരം അവസാനിപ്പിക്കില്ലെന്ന് വളർമതി

തിരുവനന്തപുരം : എൽ സി എസ് ടി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഒരേകാര്യം തന്നെ ആവർത്തിക്കുകയാണെന്ന് സമര നേതാവ് വളർമതി. അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലെ 1:25 റേഷ്യോ അംഗീകരിക്കാനാവില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു വളർമതി.

സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ തങ്ങൾ മുന്നോട്ടുവെച്ചതെന്ന് വളർമതി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും അധ്യാപക-വിദ്യാർത്ഥി റേഷ്യോ കുറച്ചു നടപ്പിലാക്കുക എന്നത് സർക്കാരിന്റെ കർത്തവ്യമാണ്.

റേഷ്യോ കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ല. തങ്ങളുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അതിൻറെ ഔദ്യോഗിക ഉത്തരവുകൾ ഇറങ്ങിയിട്ടില്ലെന്നും വളർമതി കുറ്റപ്പെടുത്തി. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് സർക്കാർ ഉദ്യോഗാർത്ഥികളെ തഴയുകയാണ്.

നിലവിൽ ഡിവിഷൻ ഫാൾ ഭീഷണി നേരിടുന്ന സ്‌കൂളുകളിലെങ്കിലും റേഷ്യോ കുറച്ചു നൽകാൻ സർക്കാർ തയ്യാറാകണം. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്ത തന്റെ പേരിൽ മൂന്ന് കേസുകളാണ് സർക്കാർ എടുത്തതെന്നും വളർമതി കൂട്ടിച്ചേർത്തു.