
തിരുവനന്തപുരം : അങ്കണവാടികളിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പ്രൈമറി സ്കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഇനി മുതൽ ഔദ്യോഗികമായി വിദ്യാരംഭം സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരമാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടിയുടെ പേരും വിവരങ്ങളും, പഞ്ചായത്ത്, ജില്ല എന്നിവയ്ക്ക് പുറമേ ഓരോ കുട്ടിക്കും പ്രത്യേക രജിസ്റ്റർ നമ്പറും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. സർട്ടിഫിക്കറ്റുകൾ പൂർണമായും സർക്കാർ പ്രസ്സിലാണ് അച്ചടിക്കുന്നത്.