
തിരുവനന്തപുരം : മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയാണ് സംഭവം.
കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലുള്ള ആളില്ലാത്ത പുരയിടത്തിലെ ചന്ദനമരമാണ് പ്രതികൾ മുറിച്ചിട്ടത്. മരം വീഴുന്ന ശബ്ദം കേട്ടെത്തിയ നോക്കുകാരനാണ് സംഭവം കണ്ടത്. ഉടൻ വസ്തു ഉടമയെയും മാറനല്ലൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ആദ്യം സുകുവിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിലായിരുന്ന കൂട്ടാളി ബിജുവിനെയും പിടികൂടുകയായിരുന്നു. സുകുവിന് ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ചന്ദനമരക്കഷണങ്ങൾ തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി.