തിരുവനന്തപുരം: കോൺക്രീറ്റ് പാലം തകർന്ന് പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞു . മുക്കോല മണലി നാഗരാജ ക്ഷേത്രം റോഡിന് സമീപം തോടിന് കുറുകെ കെട്ടിയിരുന്ന കോൺക്രീറ്റ് പാലമാണ് തകർന്നത്. ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. മണലും സിമന്റും കയറ്റി വന്ന വാനാണ് തോട്ടിലേക്ക് മറിഞ്ഞത്.
ഏറെ കാലപ്പഴക്കമുള്ള പാലമാണ് തകർന്നത്. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. മുക്കോല സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള ലോറി ക്രയിൻ എത്തിച്ചാണ് തോട്ടിൽ നിന്ന് കരയ്ക്കെത്തിച്ചത്. പാലം തകർന്നതോടെ ഇതു വഴിയുള്ള കാൽനട യാത്രയും ബുദ്ധിമുട്ടിലായി. മണലിയിൽ നിന്നും വെങ്ങാനൂരിലേക്ക് എളുപ്പം എത്താനുള്ള ഏക വഴിയായിരുന്നു ഇത്. അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.