Banner Ads

“അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ജാതി പറഞ്ഞ് തന്നെ പോരാടും: വെള്ളാപ്പള്ളി”

കൊച്ചി: ജാതിയുടെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാഗമാണ് ഈഴവ-തിയ്യ സമുദായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത് ജാതീയതയായി ചിത്രീകരിക്കുന്ന സമീപനത്തോടാണ് താൻ എതിർപ്പുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ചില വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് നീതിയെന്നും, മറ്റുള്ളവർ അവകാശങ്ങൾ ആവശ്യപ്പെടുമ്പോൾ അതിനെ ജാതീയതയായി മുദ്രകുത്തുന്നതും ശരിയല്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ അവകാശങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മടങ്ങിയെത്തിയ വെള്ളാപ്പള്ളിക്ക് എറണാകുളത്ത് നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയനെയും തന്നെയും സമുദായത്തിന്റെ പേരിൽ ചിലർ ലക്ഷ്യമിടുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. പത്മഭൂഷൺ ലഭിക്കാൻ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്നും, ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോ ഫിനാൻസ് വിഷയത്തിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാര മോഹം മൂലം സംഘടനയിൽ നിന്ന് പുറത്തുപോയ ചിലരാണ് തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും, പത്മഭൂഷൺ ലഭിക്കുന്നത് തടയാൻ അവർ കോടതിയെ സമീപിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു