Banner Ads

മൂട്ടയുടെ കടിയേറ്റു; തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

കാസർകോട്: തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് മൂട്ടയുടെ കടിയേറ്റ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. കാസർകോട് ചെറുവത്തൂർ സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ വാസുദേവൻ കേണുരായർ നൽകിയ പരാതിയിലാണ് ഈ നടപടി.15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സാച്ചെലവായും 5,000 രൂപ കോടതി ചെലവായും നൽകാനാണ് കമ്മീഷന്റെ നിർദ്ദേശം.

രണ്ട് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കുടുംബത്തിന് അനുകൂലമായ വിധിയുണ്ടായത്.2024 ഓഗസ്റ്റ് 26-നാണ് വാസുദേവനും കുടുംബവും പത്മനാഭസ്വാമി ക്ഷേത്രദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായി തിരുവനന്തപുരത്തെത്തിയത്. തുടർന്ന് 3,500 രൂപ വാടകയുള്ള എ.സി ഡബിൾ മുറി ഇവർ ബുക്ക് ചെയ്യുകയായിരുന്നു.എന്നാൽ ദീർഘയാത്രയുടെ ക്ഷീണവുമായി എത്തിയ കുടുംബത്തിന് മുറിയിലെ മൂട്ടശല്യം കാരണം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.

ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന പാടുകളും കടുത്ത ചൊറിച്ചിലും അനുഭവപ്പെട്ടു.ഇക്കാര്യം ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് നിസ്സാരവൽക്കരിക്കുന്ന തരത്തിലുള്ള തമാശ കലർന്ന പ്രതികരണമാണ് ഉണ്ടായതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഈ മോശം പെരുമാറ്റമാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.

പിറ്റേദിവസം തിരുവനന്തപുരത്തെ ആൻഡിയൽ ആശുപത്രിയിൽ എത്തി ഇവർ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം വാസുദേവൻ, ഹൊസ്ദുർഗ് ബാർ അസോസിയേഷനിലെ അഭിഭാഷകൻ എ. രാധാകൃഷ്ണൻ മുഖേനയാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.